മുംബൈ: മുംബൈയിൽ നിന്നു നാഗ്പുരിലേക്ക് ഇനി വെറും എട്ടുമണിക്കൂർ കൊണ്ട് റോഡ് മാർഗം യാത്രം ചെയ്യാം. ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന സമൃദ്ധി എക്‌സ്പ്രസ് പാതയുടെ അവസാനഘട്ടം ഇന്നലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും ഏക്‌നാഥ് ഷിൻഡെയും ചേർന്ന് ഉദ്ഘാടനം ചെയ്തതോടെയാണിത്.
പാതയിലൂടെ ഒരു വശത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസും മറുവശത്തേക്ക് ഏക്‌നാഥ് ഷിൻഡെയും വാഹനം ഓടിച്ചു. ഇവർക്കൊപ്പം അജിത് പവാറും യാത്ര ചെയതു. നാസിക് ജില്ലയിലെ ഇഗത്പുരിക്കും താനെയിലെ അമാനയ്ക്കുമിടയിലുള്ള 76 കിലോമീറ്ററാണ് വ്യാഴാഴ്ച തുറന്നത്.
ഇതോടെ പാതയുടെ 701 കിലോമീറ്റർ ഭാഗവും യാത്രക്കാർക്കായി പ്രവർത്തന സജ്ജമായി. മുംബൈയിൽനിന്ന് നാഗ്പുരിലേക്കു റോഡുമാർഗം 18 മണിക്കൂർ വേണ്ടിവരുന്ന യാത്ര 8 മണിക്കൂറായി ചുരുങ്ങുമെന്നതാണു സമൃദ്ധി എക്‌സ്പ്രസ് വേ പൂർണമായി തുറക്കുന്നതോടെ വരുന്ന മാറ്റം.
ആറുവരി പാതയാണിത്. മണിക്കൂറിൽ 150 കിലോമീറ്ററാണു വേഗപരിധി. എന്നാൽ, 120 കിലോമീറ്റർ വേഗത്തിൽ വരെ വാഹനം ഓടിക്കാനേ ഇപ്പോൾ അനുമതിയുള്ളൂ. 2022 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യഘട്ടമായ 520 കിലോമീറ്റർ തുറന്നത്. രണ്ടാം ഘട്ടം 2023 മേയിൽ മുൻമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും തുറന്നുകൊടുത്തു. മൂന്നാം ഘട്ടമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.
മഹാരാഷ്ട്രയിലെ 10 ജില്ലകളിലെ 340 ഗ്രാമങ്ങളിലൂടെ കടന്ന് പോകുന്ന പാത 55000 കോടി രൂപ മുതൽമടുക്കിലാണ് നിർമിച്ചത്. ഏഴ് തുരങ്കങ്ങളും 73 ഫ്‌ലൈഓവറുകളും 300 കാൽനടപാതകളും ഉള്ള സമൃദ്ധി എക്‌സ്പ്രസ് വേയിൽ മൃഗങ്ങൾക്ക് റോഡു മുറിച്ചു കടക്കാനും പ്രത്യേക ഇടങ്ങളുണ്ട്. 40 വർഷത്തേക്ക് ടോളീടാക്കുന്ന പാതയിൽ ഒരു വശത്തേക്ക് യാത്ര ചെയ്യാൻ 1450 രൂപയാണ് നാലുചക്ര വാഹനങ്ങൾ നൽകേണ്ടത്. കൂടുതൽ ചക്രങ്ങളുള്ള വാഹനങ്ങൾക്ക് ടോൾ പിന്നെയും ഉയരും. വലിയ വാഹനങ്ങൾക്ക് കിലോമീറ്ററിന് 14 രൂപയാണ് കുറഞ്ഞ ടോൾ നിരക്ക്.






