തൊടുപുഴ: പരിസര മലിനീകരണം നടത്തുന്ന വിധത്തിൽ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമിൻ്റെ പ്രവർത്തനം നിർത്തിവക്കുവാൻ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൻ്റെ ഉത്തരവ്. ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വേളൂർ ഭാഗത്ത് പ്രവർത്തിക്കുന്ന അനധികൃത പന്നി ഫാമിന് എതിരേയാണ് ഗ്രാമപഞ്ചായത്തിൻ്റെ നടപടി. ഫാമിലെ അഴുക്കുകളും മറ്റും ഒഴുകി സമീപ പ്രദേശത്തെ തോടുകളും മറ്റ് ജലാശയങ്ങളും മലിനമായതിനേ തുടർന്ന് ഫാമിന് പഞ്ചായത്ത് നോട്ടീസ് നൽകുകയും 40000 രൂപ ഫൈൻ ഈടാക്കുകയും ചെയ്തിരുന്നു.
നിയമാനുസരണം ലൈസൻസ് എടുത്ത് പ്രവർത്തിക്കണമെന്നുള്ള പഞ്ചായത്ത് നിർദ്ദേശം അവഗണിച്ച് ഫാം പ്രവർത്തനം തുടർന്ന പശ്ചാത്തലത്തിലാണ് ഏഴ് ദിവസത്തിനും ഫാമിൻ്റെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നൽകിയിട്ടുള്ളത്.






