Timely news thodupuzha

നഴ്സിങ്ങ് വിദ‍്യാർത്ഥിനിയുടെ മരണത്തിൽ അധ‍്യാപകർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

കോട്ടയം: നഴ്സിങ്ങ് വിദ‍്യാർത്ഥിനി അമ്മു സജീവിൻറെ മരണത്തിൽ വിദ‍്യാർഥിനിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധ‍്യാപകർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്. വിദ‍്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സെൻറർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ് സ്റ്റഡീസ് (സിപാസ്) അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ അന്വേഷണ റിപ്പോർട്ടിലാണ്‌ അധ‍്യാപകർക്ക് വീഴ്ച പറ്റിയതായി പറയുന്നത്. നവംബർ 15 നായിരുന്നു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി അമ്മു ജീവനൊടുക്കിയത്.

ആദ‍്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് റെഫർ ചെയ്തു. മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അമ്മുവിൻറെ മരണം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുബം ആരോപിച്ചെങ്കിലും ആത്മഹത‍്യയാണെന്നായിരുന്നു പൊലീസ് ആദ‍്യം കണ്ടെത്തിയത്. പിന്നീട് കേസിൽ ആത്മഹത‍്യപ്രേരണക്കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമ്മുവും സഹപാഠികളും തമ്മിലുണ്ടായ അഭിപ്രായ വ‍്യത‍്യാസങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അമ്മുവിൻറെ പിതാവ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. എന്നാൽ അധ‍്യാപകർ പ്രശ്നങ്ങൾ ഗൗരവത്തിലെടുത്തില്ലെന്നും വിദ‍്യാർഥിനിയുമായി സംസാരിക്കാനും മാനസിക പിന്തുണ നൽകാനും ആരുമുണ്ടായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ‌ പറ‍യുന്നു.

Leave a Comment

Your email address will not be published. Required fields are marked *