കരിമണ്ണൂർ: പഞ്ചായത്തിൽ എൽഡിഎഫ് – യുഡിഎഫ് അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടെന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ ആരോപിച്ചു. പഞ്ചായത്തിൽ ആകെയുള്ള 14 സീറ്റിൽ എട്ട് സീറ്റുകളിലും യുഡിഎഫ് പക്ഷത്തുള്ളവർ ആയിട്ടും ഇപ്പോഴും പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം സി.പി.ഐ.എമ്മിനാണ്. 2023 സെപ്റ്റംബർ മാസം എൽഡിഎഫിൽ നിന്ന് കൂറുമാറി യുഡിഎഫ് സ്ഥാനാർത്ഥിയായി കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായ ലിയോ കുന്നപ്പള്ളി ഉൾപ്പെടെ കരിമണ്ണൂരിൽ യുഡിഎഫിന് 8 മെമ്പർമാരാണുള്ളത്.
പഞ്ചായത്തിൽ ഭൂരിപക്ഷം ഉണ്ടായിട്ടും പാറമട ലോബിയുടെ സ്വാധീനത്തിന് വഴങ്ങി, പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ അവിശ്വാസം കൊണ്ടുവരികയോ, ഭരണം നേടിയെടുക്കുവാനോ യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നില്ല. ഈ അവിശുദ്ധ കൂട്ടുകക്ഷി ഭരണം സാധാരണക്കാരായ പാർട്ടി പ്രവർത്തകരോട് ഇരുമുന്നണി നേതാക്കളും കാണിക്കുന്ന വിശ്വാസ വഞ്ചനയാണ്.
ഇക്കാര്യത്തിൽ മുഖ്യധാര രാഷ്ട്രീയ കക്ഷികൾ ഒന്നും അഭിപ്രായം പറയുന്നുമില്ല. തെരഞ്ഞെടുപ്പ് സമയത്ത് സാധാരണ പാർട്ടി പ്രവർത്തകർക്കിടയിൽ രാഷ്ട്രീയ വൈര്യം കുത്തി നിറച്ചിട്ട്, അതിൻ്റെ പേരിൽ അവരെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്ന പാർട്ടി നേതാക്കൾ പഞ്ചായത്തിൽ എത്തി ഒരുമിച്ചു കൂടി ഭരിക്കുന്നത് സാധാരണക്കാരായ എൽഡിഎഫ്, യുഡിഎഫ് പാർട്ടി പ്രവർത്തകരോട് കാണിക്കുന്ന വിശ്വാസവഞ്ചനയും ചതിയും, നെറികേടുമാണ്.
കരിമണ്ണൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിലൂടെ ഇരുമുന്നണിയിലുമുള്ള ആയിരക്കണക്കിനാളുകളുടെ പണം കിട്ടാതെ ആയിട്ടും എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ മൗനം പാലിക്കുന്നത് ഈ രാഷ്ട്രീയ അവിശുദ്ധ ബന്ധത്തിന്റെ തുടർച്ചയും, അഴിമതി പണത്തിന്റെ വിഹിതം കൈപ്പറ്റിയതും കൊണ്ടാണ്. കരിമണ്ണൂരിൽ ഇടതു വലതു മുന്നണികളിലെ ഈ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെയും സഹകരണ ബാങ്ക് തട്ടിപ്പിനെതിരെയും ശക്തമായ പ്രതിഷേധ പരിപാടികളുമായി ആം ആദ്മി പാർട്ടി രംഗത്തിറങ്ങുമെന്ന് എഎപി കരിമണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ജാസിൽ കുന്നപ്പിള്ളിൽ, എഎപി ഇടുക്കി ജില്ലാ പ്രസിഡൻ്റ് അഡ്വ. ബേസിൽ ജോൺ എന്നിവർ അറിയിച്ചു.






