ഇടുക്കി: തൊഴിലിടങ്ങളിലെ ബാലവേല കർശനമായി തടയുമെന്ന് തൊഴിൽ നൈപുണ്യ-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ബാലവേല വിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ബാലവേല പൂർണമായും അവസാനിപ്പിച്ച ഏക സംസ്ഥാനമാണ് കേരളം. കുട്ടികളുടെ ജനാധിപത്യപരമായ അവകാശം സർക്കാർ സംരക്ഷിക്കും. കുട്ടികൾക്ക് നിലവാരമുള്ള പഠനം ലഭ്യമാക്കുന്നവെന്ന് ഉറപ്പാക്കുകയാണ്. ബാലവേലയ്‌ക്കെതിരെ അവബോധത്തിനായും കർശന നടപടികൾ സ്വീകരിക്കുന്നതിനും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. വ്യക്തിയെയും സമൂഹത്തെയും മികവുറ്റ ജീവിതത്തിലേക്ക് നയിക്കുന്ന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിന്റേത്.

ഈ വർഷം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. എല്ലാവർക്കും സാധാരണനിലയിലുള്ള ജീവിതം ഉറപ്പാക്കിയാണ് നേട്ടം കൈവരിക്കുന്നത്. വരും വർഷം മുതൽ സ്‌കൂളുകളിൽ യു.പി വിഭാഗത്തിലും സബ്ജക്ട് മിനിമം രീതി നടപ്പാക്കും. പുതിയ അധ്യയനവർഷാരംഭത്തിന്റെ തുടക്കത്തിൽ പാഠ്യേതര വിഷയങ്ങൾ കൂടി ക്ലാസുകളിലേക്ക് ഉൾപ്പെടുത്തുന്ന മാതൃക നടപ്പിലാക്കാനായി. ലഹരിവിരുദ്ധ സന്ദേശം, ഗതാഗതനിയമങ്ങൾ, വ്യക്തിശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ പകരുന്ന അറിവുകൾ വിദ്യാർഥികളെ സാമൂഹിക ബോധമുള്ളവരമാക്കുന്നതിന് സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. ബാലവേല വിരുദ്ധ സ്റ്റിക്കർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ അധ്യക്ഷത വഹിച്ചു.. അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലേബർ കമ്മീഷണർ സഫ്‌നാ നസറുദ്ദീൻ, ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ സനിൽ വെള്ളിമൺ, വ്യാപാര വ്യവസായി സമിതി കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി വൈ. രാജൻ, ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ എം ജി സുരേഷ് എന്നിവർ പങ്കെടുത്തു..






