ഇടുക്കി: ശാന്തൻപാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം എം.എം.മണി എം.എൽ.എ. നാടിന് സമർപ്പിച്ചു. ഇവിടെ സായാഹ്ന ചികിത്സ സൗകര്യം ഉടനാരംഭിക്കും.

2018 ൽ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിനായി 45 ലക്ഷം രൂപയും 2020-21 ൽ 80 ലക്ഷം രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു. നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ ശാന്തൻപാറ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപയും അനുവദിച്ചാണ് കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരുകോടി രൂപ എംഎൽഎ ഫണ്ടിൽ വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ കേന്ദ്രത്തിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ 16 ജീവനക്കാർ ജോലി ചെയ്യുന്നു. ഒപി വിഭാഗം, ഫാർമസി, ലാബ്, ഓഫീസ്, പൊതുജനാരോഗ്യ വിഭാഗം, പ്രതിരോധ കുത്തിവയ്പ്പ്, ഫാമിലി പ്ലാനിങ്, പാലിയേറ്റീവ് കെയർ, ആരോഗ്യ ബോധവൽക്കരണം, എൻസിഡി ക്ലിനിക്, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, റെഫറൽ സർവീസ്, മെഡിക്കൽ ക്യാമ്പ് എന്നീ സേവനങ്ങൾ ശാന്തൻപാറ കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ദിവസേന 75 ലധികം രോഗികൾ ആശുപത്രിയിലെത്തുന്നു. വൈകിട്ട് ഒപി പ്രവർത്തിച്ചു തുടങ്ങുന്നത്തോടെ 120 ലധികം പേർക്ക് സേവനം നൽകാൻ കഴിയും.
പിന്നാക്ക മേഖലയിലെ ആദ്യ സർക്കാർ ഡിസ്‌പെൻസറികളിൽ ഒന്നാണ് ശാന്തൻപാറ സർക്കാർ ആശുപത്രി. 1958 ൽ ആരംഭിച്ച് 1987 വരെ വളരെ പരിമിതമായ സൗകര്യങ്ങളോടുകൂടി ശാന്തൻപാറ സർക്കാർ റൂറൽ ഡിസ്‌പെൻസറി എന്ന പേരിൽ പ്രവർത്തിച്ചുവന്ന സ്ഥാപനമാണ് പിന്നീട് പ്രാഥമിക ആരോഗ്യ കേന്ദ്രമായത്. നിലവിൽ പൂപ്പാറ, തോണ്ടിമല, രാജാപ്പാറ, ശാന്തപാറ എന്നീ നാല് സബ് സെന്ററുകൾ ആണുള്ളത്. ഇതിൽ രാജാപ്പാറ സബ് സെന്ററിന് 2024 ൽ എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. 2020 ലാണ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ശാന്തൻപാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്.
ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത്യ സെലിൻ, ജില്ലാ പഞ്ചായത്തംഗം വി.എൻ.മോഹനൻ, ഡിഎംഒ ഇൻ ചാർജ് ഡോ.സുരേഷ് വർഗീസ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗോപിനാഥൻമോൻ, മെഡിക്കൽ ഓഫീസർ ഡോ. എം.ആർ.ഷെറിൻ, തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , കക്ഷി രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.






