തൊടുപുഴ: ഒരിടവേളക്ക് ശേഷം തൊടുപുഴയിൽ വീണ്ടും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. നഗരഹൃദയത്തിലടക്കം ആണ് തെരുവ്‌നായ്ക്കൾ ഭീഷണി ഉയർത്തുന്നത്. നഗരത്തിൽ എത്തുന്ന ആളുകൾക്കിടയിലൂടെ ഭീതിയുണർത്തി അലഞ്ഞുതിരിയുകയാണ് നായ്ക്കൾ. ആയിരക്കണക്കിന് വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും സാധാരണക്കാരും അടക്കം ദിവസേന എത്തുന്ന നഗരത്തിലാണ് തെരുവുനായ്ക്കളുടെ സാന്നിധ്യം ഉള്ളത്. താൻ ചെയർമാനായിരുന്ന കാലഘട്ടത്തിൽ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പദ്ധതി നടപ്പിലാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞ 9 മാസക്കാലമായി തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുവാൻ ഇപ്പോളത്തെ മുനിസിപ്പൽ ഭരണസമിതി വേണ്ട ഇടപെടലുകൾ നടത്തുന്നില്ലെന്ന് സനീഷ് ജോർജ് കുറ്റപ്പെടുത്തി. വിവിധ പഞ്ചായത്തുകളിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നുണ്ട്. നഗരസഭ ഫണ്ട് ഉപയോഗിച്ച് നായ്ക്കളുടെ ശല്യം കുറയ്ക്കുവാനുള്ള പദ്ധതി നടപ്പിലാക്കാം എന്നിരിക്കെ ഭരണാധികാരികൾ വേണ്ടത്ര ശ്രദ്ധ ഇക്കാര്യത്തിൽ നൽകുന്നില്ലെന്നും സനീഷ് ജോർജ് ആരോപിച്ചു.
നഗരം വിട്ടാൽ മറ്റ് വാർഡുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ ദിവസം മുതലക്കോടത്ത് സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർത്ഥിയെ നായ ഓടിച്ചത് കാരണം വെള്ളം നിറഞ്ഞു കിടക്കുന്ന കനാലിൽ വിദ്യാർത്ഥി വീഴുന്ന സാഹചര്യമുണ്ടായി. വ്യാപാരികൾ സ്ഥാപനം തുറക്കുവാൻ രാവിലെ എത്തുമ്പോൾ തെരുവ് നായ്ക്കൾ കൂട്ടമായാണ് സ്ഥാപനങ്ങളുടെ മുന്നിൽ നിന്നും പോകുന്നത്. നഗരത്തിലെ വ്യാപാരികൾക്ക് വരെ ഭീഷണി ഉയർത്തുകയാണ് തെരുവ് നായ കൂട്ടം. തെരുവ് നായ്ക്കളുടെ കാര്യത്തിൽ വാർഡിലെ ജനങ്ങൾ പരാതി ഉയർത്തുന്നത് വാർഡ് കൗൺസിലർമാരോടാണ്. പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഇക്കാര്യത്തിൽ ഉയരുന്നതും. ചെറിയ കുട്ടികൾക്ക് വരെ ഭീഷണിയാകുന്ന നായ്ക്കളുടെ ശല്യം ഇല്ലായ്മ ചെയ്യുവാൻ നഗരസഭ ഭരണ സമിതി എത്രയും വേഗം ഇടപെടണമെന്ന് സനീഷ് ജോർജ് ആവശ്യപ്പെട്ടു.






