Timely news thodupuzha

സുരക്ഷിതയാത്ര തുടരുന്നു മാതൃയാനത്തിലൂടെ; പദ്ധതി പ്രയോജനപ്പെടുത്തിയത് 1478 അമ്മമാര്‍

ഇടുക്കി: പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഏറെ സഹായകമായ അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി ഇടുക്കി ജില്ലയിൽ പ്രവർത്തനം തുടങ്ങി. പദ്ധതിയാരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ 1478 അമ്മയേയും കുഞ്ഞിനേയുമാണ് മാതൃയാനം പദ്ധതി വഴി സുരക്ഷിതമായി വീടുകളില്‍ എത്തിച്ചത്.

പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന സര്‍ക്കാരിന്റെ മികവുറ്റ പദ്ധതിയാണ് മാതൃയാനം. പ്രസവം നടക്കുന്ന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഈ പദ്ധതി നിലവിലുള്ളത്.

എംപാനല്‍ ചെയ്ത ടാക്സികളില്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ജിപിഎസ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും പ്രയോജനം നല്‍കിയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.

നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ 365 പേരും പീരുമേട് താലൂക്ക് ആശുപത്രിയില്‍ 126 പേരും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ 417 പേരും ഇടുക്കി മെഡിക്കല്‍ കോളേജില്‍ 215 പേരും അടിമാലി താലൂക്ക് ആശുപത്രിയില്‍ 355 പേരുമാണ് സര്‍ക്കാരിന്റെ സൗജന്യയാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയത്. ജനനി ശിശു സുരക്ഷ കാര്യക്രമ ്‌രപദ്ധതിയുടെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ മാതൃയാനം പദ്ധതിയ്ക്കായി മാസം 39000 രൂപയോളമാണ് ചിലവഴിക്കുന്നത്.

മികച്ച പരിചരണം നല്‍കി സുഖപ്രസവം പ്രദാനം ചെയ്യുക മാത്രമല്ല, അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കാനും ഇനി സര്‍ക്കാര്‍ ആശുപത്രികള്‍ സര്‍വ്വസജ്ജമാണ്.

Leave a Comment

Your email address will not be published. Required fields are marked *