ഇടുക്കി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം വോട്ടെടുപ്പ് ദിവസത്തിന്റെ തലേദിവസം രാവിലെ 9 ന് ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ അതത് വിതരണ-കേന്ദ്രത്തിൽ യഥാസമയം എത്തി പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ ശേഷം ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങളിൽ പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ 9 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 8 നും, ഡിസംബർ 11 വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 10 നുമാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുക.
സംസ്ഥാനത്ത് ആകെ 244 വിതരണ കേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ അതത് സ്ഥാപനതലത്തിലുമാണ് വിതരണകേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.
വിതരണകേന്ദ്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വിതരണത്തിന് ആവശ്യമായ കൗണ്ടറുകൾ സജ്ജമാക്കാനും വിതരണകേന്ദ്രങ്ങളിൽ കുടിവെള്ളം, ഭക്ഷണം, ചികിത്സാസഹായം, പോളിംഗ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹനസൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഏർപ്പെടുത്തും. വിതരണം സുഗമമാക്കാൻ ഓരോ കേന്ദ്രത്തിലും ആവശ്യമായ എണ്ണം കൗണ്ടറുകൾ സജ്ജമാക്കാനും അവിടെ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു.
വിതരണ സ്വീകരണകേന്ദ്രങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഹരിതപെരുമാറ്റചട്ടം കർശനമായി പാലിച്ചിരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ആകെ 117 വിതരണകേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം(16), കൊല്ലം (16), പത്തനംതിട്ട (12), ആലപ്പുഴ (18), ഇടുക്കി ( 10), കോട്ടയം (17), എറണാകുളം (28). രണ്ടാംഘട്ടവോട്ടെടുപ്പ്‌നടക്കുന്നജില്ലകളിൽ ആകെ 127 വിതരണകേന്ദ്രങ്ങളാണുള്ളത്. തൃശ്ശൂർ (24), പാലക്കാട് (20), മലപ്പുറം (27), കോഴിക്കോട് (20), വയനാട് (7), കണ്ണൂർ (20), കാസർഗോഡ് (9).






