മൂലമറ്റം: വേദനിക്കുന്നവരെ പരിഗണിക്കുന്നത് മഹത്തരമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മൂലമറ്റം സ്നേഹവില്ലയിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബൈബിളിലെ നല്ല സമറായക്കാരനെപ്പോലെ പെരുമാറാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതുവഴി ദൈവത്തിന്റെ മുഖമാണ് വെളിപ്പെടുത്തുന്നതെന്നും ഭൂമിയിൽ സ്വർഗം തീർക്കുകയാണ് ചെയ്യുന്നതെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമാധാനവും സുരക്ഷിതത്വവും കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ പാലിയേറ്റീവ് ശുശ്രൂഷ ലഭിക്കുന്നത് ഏറെ ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു.

തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജോയി കിഴക്കേൽ വിഷയാവതരണം നടത്തി. ഗീതാ വില്ലേജിൻ്റെയും സ്നേഹവില്ലയുടെയും സ്ഥാപക മേഴ്സി ജോസ് തര്യൻ ഇലഞ്ഞിക്കൽ, വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് 101 കട്ടിൽ സംഭാവന ചെയ്ത സൈമൺ സെബാസ്റ്റ്യൻ ഇടക്കര എന്നിവരെ മാർ റാഫേൽ തട്ടിലും മന്ത്രി റോഷി അഗസ്റ്റിനും ചേർന്ന് ആദരിച്ചു.

തക്കല രൂപത വികാരി ജനറാൾ ഫാദർ തോമസ് പവ്വത്തുപറമ്പിൽ, മൂലമറ്റം സെന്റ് ജോർജ് ഫൊറോന വികാരി ഫാ.കുര്യൻ കാലായിൽ, സ്നേഹവില്ല ഡയറക്ടർ ഫാദർ ജിനോയ് തോമസ്, രൂപത ചാൻസിലർ ഫാദർ ജോഷി കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.






